യു.എ.ഇയും സൗദി അറേബ്യയും ഖത്തറും അടക്കമുള്ള ആറ് ഗള്ഫ് സഹകരണ കൗണ്സില് (GCC) രാജ്യങ്ങള് ചേര്ന്നു യൂറോപ്പിലെ 'ഷെന്ഗെന്' വീസ മാതൃകയില് ആവിഷ്കരിച്ച ഏകീകൃത വീസ സംവിധാനത്തിന് പേര് ജി.സി.സി ഗ്രാന്ഡ് ടൂര്സ് (GCC Grand Tours). പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഗള്ഫ് ഏകീകൃത വീസ. സൗദിഅറേബ്യ, യു.എ.ഇ., ഖത്തര്, ഒമാന്, കുവൈറ്റ്, ബഹ്റൈന് എന്നീ ജി.സി.സി രാജ്യങ്ങളിലേക്ക് ഒറ്റ വീസയില് സന്ദര്ശനം നടത്താമെന്നതും 30 ദിവസത്തിലധികം തങ്ങാമെന്നതുമാണ് ഏകീകൃത വീസ സമ്മാനിക്കുന്ന മുഖ്യ നേട്ടം. സഞ്ചാരികള്ക്കും ടൂറിസത്തിനും നേട്ടം ഗള്ഫ് രാജ്യങ്ങളിലേക്ക് പറക്കാന് കൊതിക്കുന്നവര്ക്ക് നടപടികള് എളുപ്പമാക്കുന്നതാണ് ഏകീകൃത വീസ സംവിധാനം. വിനോദ സഞ്ചാരമേഖലയ്ക്ക് പുതിയ കുതിപ്പേകാന് വീസ സഹായിക്കുമെന്ന് ജി.സി.സി രാഷ്ട്രങ്ങള് കരുതുന്നു. ഹോട്ടല് ശൃംഖല, വ്യാപാരമേഖല എന്നിവയ്ക്കും ഇത് വരുമാനനേട്ടം സമ്മാനിക്കുമെന്ന് കരുതുന്നു. നേരത്തേ ജി.സി.സി രാഷ്ട്രങ്ങളുടെ മുഖ്യവരുമാന സ്രോതസ് ക്രൂഡോയില് ആയിരുന്നു. വരുംകാലങ്ങളില് ലോകം പുനരുപയോഗ ഊര്ജത്തിന് കൂടുതല് പ്രാമുഖ്യം കൊടുക്കുമ്പോള് ക്രൂഡോയില് വഴിയുള്ള വരുമാനത്തില് കോട്ടമുണ്ടായേക്കാം. ഇതുമൂലം ടൂറിസം അടക്കമുള്ള മറ്റ് മേഖലകളില് നിന്നുള്ള വരുമാനത്തിന് ജി.സി.സി രാജ്യങ്ങള് കൂടുതല് ശ്രദ്ധകൊടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല് വിനോദസഞ്ചാരികളെ ആകര്ഷിക്കാനും ആഗോള ടൂറിസത്തിന്റെ മുഖ്യകേന്ദ്രമാകാനും ലക്ഷ്യമിട്ട് ജി.സി.സി ഏകീകൃത വീസ സംവിധാനം കൊണ്ടുവന്നത്. 2030ഓടെ 13 കോടിയോളം വിനോദ സഞ്ചാരികളെ ആകര്ഷിക്കാനാണ് ജി.സി.സി രാജ്യങ്ങള് ഒരുങ്ങുന്നത്. ഇത് മേഖലയുടെ ജി.ഡി.പി വളര്ച്ചയ്ക്കും വലിയ കുതിപ്പാകുമെന്ന് ഈ ഈ രാഷ്ട്രങ്ങള് കരുതുന്നു.
'Schengen' visa to Gulf named; Now you can easily fly to 6 countries